2010 ജനുവരി 12, ചൊവ്വാഴ്ച

പ്രണയം

പ്രണയം-
ഒരു ബര്‍മുഡ ത്രികോണം പോലെയാണ്.
തിരിച്ചു കയറാനാവാത്ത -
ഒരു അകപ്പെട്ടുപോകല്‍.
പ്രണയം-
അര്‍ബ്ബുദം പോലെയാണ്.
മുറിച്ചു നീക്കിയാലും -
പടര്‍ന്നു കയറുന്നൊരു -
മാറാവ്യാധി.
പ്രണയം-
ഒരു തോറ്റുപോകലാണ് .
കൊടുങ്കാറ്റിനോട്‌ -
പൂവുകള്‍ കലഹിക്കുംപോലെ...
പ്രണയം-
തിരശ്ചീനമായ ഒരു-
ദ്രോഹമാണ്.
മരിച്ചവരുടെ ഹൃദയ രേഖപോലെ-
അത് അപരനെ വേദനിപ്പിച്ചുകൊണ്ടിരിക്കും
എന്നിട്ടും....എന്നിട്ടും,
പ്രണയം
വേനല്‍മഴപോലെയാണെനിക്ക് -
ആര്‍ദ്രമായൊരു -
പെയ്തുനിറയല്‍.
അതുമല്ലെങ്കില്‍,
മൃതസഞ്ജീവനി.

2010 ജനുവരി 9, ശനിയാഴ്‌ച

മോക്ഷം

കൃഷ്ണാ നീയറിയുക,
നീയെന്ന നൂലില്‍ കൊളുത്തി -
വലിച്ചിന്നു,
ജന്മത്തിന്നവസാന-
ഋതുവിലേയ്ക്കാണു ഞാന്‍
നീയാണു സത്യവും,
സ്വപ്നവും മോഹവും ,
ഋതുഭംഗിയറിയുന്ന-
അര്ത്ഥാന്തരങ്ങളും.
അറിയുന്നുവോ നീയെന്‍-
അനുരാഗവൃക്ഷത്തി-
ലൊരു പുഷ്പമായ് നീ-
വിരിഞ്ഞുനില്‍ക്കുന്നതും,
വന്ധ്യമാമെന്‍ വഴിയി-
ലൊരു മൃഗതൃഷ്ണയായ് -
മുന്‍കാഴ്ച തന്നു നീ -
ജീവിതം തന്നതും.
ഇനിയൊരു ജന്മമി-
ല്ലെന്‍റെ പാപങ്ങള്‍ക്കു-
പരിഹാരമെകുവാന്‍
ഇനിയൊരു മോഹമി-
ല്ലെന്‍റെ ഹൃദയത്തില്‍,
ബാക്കിയാണെന്നു -
മരണത്തൊടോതുവാന്‍ .
പാപമോ പുണ്യമോ -
ബാക്കിയില്ലാത്തൊരെന്‍ -
ജന്മവും മരണവും,
മോക്ഷമാണൂഴിയില്‍