2011 നവംബർ 28, തിങ്കളാഴ്‌ച

മഴയില്‍...


അഭിനിവേശത്തിന്റെ
വ്യാകരണമാണ്
മഴ.
അധിനിവേശത്തിന്റെ
ശേഷിപ്പാണ്
മഴ
മോഹങ്ങളുടെ
വ്യാകരണത്തെറ്റാണ്
മഴ.
മോഹഭംഗങ്ങളുടെ
കണ്ണീരുപ്പാണ്
മഴ.
പുരുഷഗന്ധമുള്ള മഴയില്‍
ഞാന്‍ സദാചാരങ്ങള്‍ മറന്നു.

നീ

കണ്ണുനീരാണ് -
ഞരമ്പിലോടുന്ന
ചുവന്ന വെള്ളം
രക്തമാണ്-
എന്‍റെ കണ്ണില്‍ നിന്ന്
നിന്നിലേക്കിറ്റുന്ന ,
നോവിന്‍റെ ജലം
ഞാന്‍ നേടിയതും
നഷ്ടമായതും
നീ.

2011 മാർച്ച് 31, വ്യാഴാഴ്‌ച

മരണം

ഇടമുറിയാതെന്നെ തിരിഞ്ഞു നോക്കി,
ഒളി കണ്ണാലെന്നെ മോഹിപ്പിച്ച്,
നീ ,
എനിക്ക് മുന്‍പേയുണ്ട്.
പിന്‍വിളി നാവിലുണ്ടെനിക്ക്.
എന്നിട്ടും,
അരിച്ചു കയറിയ നിശബ്ദത
നിന്‍റെ കണ്ണുവെട്ടിച്ച്,
ഇടവഴി കേറി ,
ഞാന്‍ പാത മാറ്റുമ്പോഴും,
നീ ,
എനിക്ക് മുന്‍പിലുണ്ട്.
തോല്‍വിയുടെ മുഖപടവുമായി
വീണ്ടും,
ഞാന്‍ നിനക്ക് പിന്നാലെ....
ഇടയ്ക് മോഹിച്ച്...
മറ്റു ചിലപ്പോള്‍ ,
ഭയന്ന്...
അതുമല്ലാത്തപ്പോള്‍,
സമരസത്തില്‍,
ഞാന്‍ നിന്‍റെ തൊട്ടുപിന്നാലെയുണ്ട്.
ഒരുവേള,
നീ എന്‍റെ കൈ പിടിക്കാനും,
മറ്റു പലപ്പോള്‍,
സ്വയംവരം കൊതിച്ചും,
ചില നേരം,
നിന്നില്‍ നിന്നും രക്ഷപ്പെടാനും,
മോഹപ്പെട്ട് ,
ഞാന്‍.
എന്നിട്ടും എനിക്കറിവുണ്ട് ,
ഒരു സ്വപ്നത്തില്‍,
ഒരു ഉറക്കത്തില്‍,
ഒരു നിശാബാന്ധവത്തില്‍,
ഞാന്‍ നിന്റെത് (നീ എന്റെതോ?)
മാത്രമാകുമെന്ന്...

2011 ജനുവരി 5, ബുധനാഴ്‌ച

ശേഷിപ്പ്

ഒരു രാവിനപ്പുറമിപ്പുറം-
നീയും ഞാനുമായന്നാണ്,
മഴ പെയ്തു വീണത്‌..
തോരാത്ത മഴ....
തെയ്യക്കോലങ്ങള്‍
തിറകെട്ടിയാടിത്തിമിര്‍ത്തു.
തീക്കനലുകള്‍ക്കു മേലെ,
പ്രണയത്തിന്‍റെ ഉള്ളംകാലുവെന്തു ഞാന്‍ ,
മഴയെ പ്രാര്‍ത്ഥിച്ചു.
നീ തുണയാവുക.
എന്‍റെ നിസ്സഹായമായ ,
പ്രണയാതുരതകള്‍ക്ക്
നീ കാവലാളാവുക.
നെഞ്ചില്‍ കുറുകുന്ന ,
സ്നേഹത്തിന്‍റെ പ്രാവുകളെ,
എനിക്കായി നല്‍കുക.
എഴുതിയൊഴുകിയ,
വാക്കുകളില്‍ ,ഞാനില്ല.
എഴുതാനിരിക്കുന്ന ,
കവിതകളില്‍,എനിക്ക് രൂപമില്ല.
നീ എനിക്കാരാണ്?!
കഴുകിയിട്ടൊരു,
തെയ്യത്തറയ്ക്കുമേല്‍
കാമം പെയ്തൊഴിയുന്നൊരു-
മഴക്കാറിനപ്പുറം,
എനിക്കെന്താണ് ആയുസ്സ്,
എവിടെയാണ് മോക്ഷം!
നേര്‍വഴികള്‍ ,
നിനക്കായി കാത്തുവച്ചു,
കാത്തിരിക്കേണ്ടവള്,ഞാന്‍ .
ഞാനോ,
നിരാലംബമായൊരു,
പ്രണയചുംബനവുമായി,
നിനക്കുമേല്‍,
പെയ്തു വീഴുന്നു.
വിശുദ്ധ പുസ്തകങ്ങളില്‍,
നെറ്റിത്തടമമര്‍ത്തി,
ഞാന്‍ ,നിന്നോട്,
മാപ്പിരക്കുന്നു....

















ശാപം

ഒരിക്കല്‍
നീ പുറകോട്ടു നടക്കും
പിന്നിട്ട വഴിയടയാളങ്ങളെ
മനസ്സിരുത്തി
നീ പിന്നോട്ട്...
യാത്രയോടുക്കം,
ഒരു കല്‍പ്രതിമയില്‍
നീയുടക്കും...
എവിടെവച്ചാണ്
ഞാനുറഞ്ഞു പോയതെന്ന്
ഓര്‍ത്തെടുക്കാന്‍
നീ പരതും .......
മായ്ചെഴുതാമായിരുന്ന
വരികള്‍
ഏതു താളിലാണ്
മറന്നു വച്ചതെന്ന്
നീ ആകുലപ്പെടും.
നിരാശനായി നിനക്ക്
മുന്നോട്ടു നടക്കാം
ഘടികാരത്തിന്റെ
സൂചികള്‍ തിരിച്ച് വച്ച്,
ധൃതിയില്‍ മുന്നോട്ട് ......