2009 ഡിസംബർ 30, ബുധനാഴ്‌ച

മരണം

കിനാവിന്‍റെ മയില്‍പ്പീലിതുണ്ടുകള്‍,
തീപിടിക്കുന്നത് നോക്കിയിരിക്കുകയാണ് ഞാന്‍
മഴവില്ല് കാണാന്‍ ആകാശത്തേക്ക് നോക്കുമ്പോള്‍,
ഇടിവാളുകള്‍ മിന്നിയമരുന്നതാണ് കാണുന്നത് .
എനിക്ക് മേലെ മഴ പെയ്തു വീണില്ല
രാത്രി നക്ഷത്രങ്ങള്‍ കണ്ണു ചിമ്മിയില്ല
നിശാശലഭങ്ങള്‍ എന്‍റെ മുറി തേടിവന്നില്ല,
അവയുടെ വര്‍ണ്ണച്ചിറകുകള്‍ കണ്ടില്ല
പെരുമഴയായി കലമ്പിവന്നവയോക്കെയും-
ചാറ്റുമഴയായി തോറ്റു പിന്‍വാങ്ങി
എന്നിട്ടും........
മരണം ,
പ്രണയത്തേക്കാള്‍ എന്നെ ഭ്രമിപ്പിക്കുന്നു.

മഴ...

മഴ..........
പ്രണയത്തിന്‍റെ ചില്ലുകൂടാണ്
നേര്‍ത്ത മഴതണുപ്പില്‍ ,
മഹുവാ വീഞ്ഞ് കുടിച്ച ,കന്യകയെപ്പോലെ
ഞാന്‍ ഉണ്മത്തയാകുന്നു............
മഴയുടെ സംഗീതത്തില്‍ ,
നേര്‍ത്തു പടരുന്ന മനസിന്‍റെ കന്യാചര്‍മത്തെ-
നീ പ്രണയംകൊണ്ട് ഭേദിക്കുന്നു........
എന്നില്‍ നോവുകളുടെ ലഹരി -
ആര്ത്തുലയുന്നു.....................
എന്‍റെ കാല്പ്പനികതയിലെക്ക് ,
നിന്‍റെ ചുണ്ടുകള്‍ അമര്‍ത്തി -
എന്നെ ചുംബിക്കുക.
പുതുമഴപോലെ -
എന്നിലേക്ക് നീ പെയ്തിറങ്ങുക............
നമ്മുടെ മയില്‍പ്പീലിത്തുണ്ടുകള്‍ ,
ഞാനോളിപ്പിച്ചുവയ്ക്കാം
അവ പെറ്റുപെരുകി,
നമ്മുടെ സ്വപ്നങ്ങള്‍ക്ക്
പിന്ഗാമികളുണ്ടാവട്ടെ...........

പറയാനുള്ളത്...

എന്‍റെ പ്രിയപ്പെട്ടവനെ.....
തോല്‍വിയുടെ മനസ്സുള്ള എന്നെ,
ജയിച്ചു ജയിച്ച് നീ എവിടേയ്ക്കാണ് പോകുന്നത്...
സൂര്യന് മുകളിലെയ്ക്കോ...?!
മറക്കാതിരിക്കുക.
സൂര്യനുദിക്കുന്നത് അസ്തമിക്കാന്‍ വേണ്ടിയാണ്.
അസ്തമിക്കുന്നത് ഉദിക്കാനും....
ഇതിനിടയില്‍,
ഒരു ഇരുട്ടിന്‍റെ ദൂരമുണ്ട്,
വെളിച്ചത്തിന്‍റെ ദൂരമുണ്ട്....
ദൂരങ്ങളോട് ഞാന്‍ പിന്തിരിഞ്ഞു നടക്കുന്നു.
പിന്‍വിളി അരുത്...
അനായാസമായി നമുക്ക്,
വിപരീതങ്ങളിലേക്ക് പോകാം.

സ്വപ്നം

എനിക്ക് കടലായി പുനര്‍ജ്ജനിക്കണം
അതിമോഹങ്ങളുടെ വന്‍ തിരകളായി ആര്‍ത്തലച്ചു -
തീരങ്ങളിലേയ്ക്ക്‌ പാഞ്ഞടുക്കണം....
തോല്‍വികളുടെ ജലത്തുള്ളികളായി -
തിരിച്ചു പോകണം.....
ജീവിതത്തിന്‍റെ ചൂടേറ്റു ബാഷ്പീകരിക്കണം
സ്വത്വ നഷ്ട്ടങ്ങളുടെ ഉപ്പ് രുചിക്കണം....
കാര്‍മേഘമായി ആകാശത്ത് പറന്നു നടക്കണം
വീണ്ടും ഖനീഭവിച്ച് എന്നിലേക്കുതന്നെ -
പെയ്തു വീഴണം.....