അത്യാഗ്രഹം
കുഞ്ഞുകുഞ്ഞു മോഹങ്ങളേ,
ഉള്ളൂ എനിക്ക്.
നിന്റെ മനസ്സ് സുതാര്യമായി-
കാണിച്ചു തരാൻ ,
ഒരു പ്രിസം .
നിന്റെ പ്രണയത്തിന്റെ ,
അമ്ലാക്ഷരങ്ങളെ -
നിറഭേദങ്ങൾകൊണ്ട് അറിയാൻ,
ഒരു തുണ്ട് ലിറ്റ്മസ്..
നിന്റെ ,
വിചാരങ്ങളുടെ തീക്ഷ്ണതയെ -
രേഖപ്പെടുത്താൻ ,
ഒരു ഹൃദയമാപിനി...
നിന്റെ സ്നേഹത്തെ ,
ഒരു തുള്ളിപോലും നഷ്ടമാവാതെ,
എന്നിലേക്ക് അരിച്ചെടുക്കാൻ ,
ഒരു പിപ്പെറ്റ് .
എന്റെ പ്രണയത്തിന്റെ ,
മഴവിൽ നിറങ്ങളെ ,
നിനക്ക് കാണിച്ചു തരാൻ
കാലിഡോസ്കോപ്പ്....
അങ്ങനെയങ്ങനെ....
കൊച്ചുകൊച്ചു മോഹങ്ങളാണ് ,
എന്നെ അത്യാഗ്രഹിയാക്കുന്നത് .....