2011 ജനുവരി 5, ബുധനാഴ്‌ച

ശേഷിപ്പ്

ഒരു രാവിനപ്പുറമിപ്പുറം-
നീയും ഞാനുമായന്നാണ്,
മഴ പെയ്തു വീണത്‌..
തോരാത്ത മഴ....
തെയ്യക്കോലങ്ങള്‍
തിറകെട്ടിയാടിത്തിമിര്‍ത്തു.
തീക്കനലുകള്‍ക്കു മേലെ,
പ്രണയത്തിന്‍റെ ഉള്ളംകാലുവെന്തു ഞാന്‍ ,
മഴയെ പ്രാര്‍ത്ഥിച്ചു.
നീ തുണയാവുക.
എന്‍റെ നിസ്സഹായമായ ,
പ്രണയാതുരതകള്‍ക്ക്
നീ കാവലാളാവുക.
നെഞ്ചില്‍ കുറുകുന്ന ,
സ്നേഹത്തിന്‍റെ പ്രാവുകളെ,
എനിക്കായി നല്‍കുക.
എഴുതിയൊഴുകിയ,
വാക്കുകളില്‍ ,ഞാനില്ല.
എഴുതാനിരിക്കുന്ന ,
കവിതകളില്‍,എനിക്ക് രൂപമില്ല.
നീ എനിക്കാരാണ്?!
കഴുകിയിട്ടൊരു,
തെയ്യത്തറയ്ക്കുമേല്‍
കാമം പെയ്തൊഴിയുന്നൊരു-
മഴക്കാറിനപ്പുറം,
എനിക്കെന്താണ് ആയുസ്സ്,
എവിടെയാണ് മോക്ഷം!
നേര്‍വഴികള്‍ ,
നിനക്കായി കാത്തുവച്ചു,
കാത്തിരിക്കേണ്ടവള്,ഞാന്‍ .
ഞാനോ,
നിരാലംബമായൊരു,
പ്രണയചുംബനവുമായി,
നിനക്കുമേല്‍,
പെയ്തു വീഴുന്നു.
വിശുദ്ധ പുസ്തകങ്ങളില്‍,
നെറ്റിത്തടമമര്‍ത്തി,
ഞാന്‍ ,നിന്നോട്,
മാപ്പിരക്കുന്നു....

















ശാപം

ഒരിക്കല്‍
നീ പുറകോട്ടു നടക്കും
പിന്നിട്ട വഴിയടയാളങ്ങളെ
മനസ്സിരുത്തി
നീ പിന്നോട്ട്...
യാത്രയോടുക്കം,
ഒരു കല്‍പ്രതിമയില്‍
നീയുടക്കും...
എവിടെവച്ചാണ്
ഞാനുറഞ്ഞു പോയതെന്ന്
ഓര്‍ത്തെടുക്കാന്‍
നീ പരതും .......
മായ്ചെഴുതാമായിരുന്ന
വരികള്‍
ഏതു താളിലാണ്
മറന്നു വച്ചതെന്ന്
നീ ആകുലപ്പെടും.
നിരാശനായി നിനക്ക്
മുന്നോട്ടു നടക്കാം
ഘടികാരത്തിന്റെ
സൂചികള്‍ തിരിച്ച് വച്ച്,
ധൃതിയില്‍ മുന്നോട്ട് ......