2017 ജനുവരി 22, ഞായറാഴ്‌ച


ഉള്ളകം 


മുയൽക്കുട്ടിയുടെ രൂപമുള്ള ,
മേഘത്തിനു കീഴിലാണ്-
ഞാനെന്റെ സ്വപ്നങ്ങളെ ,കുഴിച്ചു മൂടിയത് .
സ്വപ്‌നങ്ങൾ,
ചെമ്പകമായി പൂത്തുലഞ്ഞപ്പോഴാണ് ,
മുയൽക്കുട്ടി പെയ്തു വീണത് .
സ്വപ്നങ്ങൾക്ക് ചെമ്പകപ്പൂവായി പുനർജ്ജനി ...

            നീ ബാക്കിവയ്ക്കാതെ പോയ ഞാനാണ്,
            പുഴയിൽ സ്വപ്നങ്ങളൊക്കെയും ,
            കഴുകി ഒഴുക്കിയിട്ട്-
            മരുഭൂമിയിലേക്ക് ,
            അപ്രത്യക്ഷയായത് ...
            ഒരിത്തിരി എന്നെ നീ ശേഷിപ്പിച്ചിരുന്നെങ്കിൽ ,
            മഴവില്ലിന്റെ ചിത്രം വരച്ചേനെ ഞാൻ .....
            പൊള്ളയായ അകം
            ചിതറിത്തെറിച്ച ചില്ലുകൂട്
            ചോരവാർന്ന് വിളറിയ മനസ്സ് ......

നീയും ഞാനും 

പറക്കട്ടെ ഞാൻ ...?
ദിക്കുകൾക്കു മേലെ ,
ആകാശം തുളച്ച് മേലോട്ട് ...
മേഘങ്ങൾക്ക് മേലെ ഇരുന്ന് ,
താഴേക്ക് കണ്ണെത്തിക്കട്ടെ ?
കുതിച്ചു കുതിച്ച്‌ വീണ്ടും 
മുകളിലേക്ക് പറന്നുയരട്ടെ ?
എത്ര മേലെ പറന്നാലും 
എന്റെ ചരട് നീ മുറുകെ പിടിക്കുമോ ?
എന്റെ വേര് നീ കാത്തുവയ്ക്കുമോ ...
                  
                  നിന്റെ വിരലുകൾ മുറുകെ പിടിച്ച -
                  ഒരു ചരടിന്റെ അറ്റത്താണ് ,
                  എന്റെ ആകാശപ്പറക്കൽ .
                  എത്ര മേലെ പോയാലും,
                  നീയൊന്നാഞ്ഞു വലിച്ചാൽ ,
                  നിന്റെ മുന്നിലുണ്ട് ഞാൻ ,
                  ഏതു മരുഭൂമിയിലായാലും ...

മുഖവുരയില്ലാതെ വഴുതിവീഴാൻ 
നീയെന്ന മറവിയാണെനിക്ക് പ്രിയം 
മൗനത്തിന്റെ ഇടവേളകളിലും 
എന്നിൽ നിറഞ്ഞു കവിയുന്ന നീയാണ് -
എന്റെ നീ ....
മേഘങ്ങൾക്ക് മേലെ പറന്നകന്നാലും ,
നീ മുറുകെ പിടിച്ച ചരടിലാണ് ,
എന്ന ഓർമ്മപ്പെടുത്തലിന്റെ സൗഖ്യം ....

2017 ജനുവരി 21, ശനിയാഴ്‌ച

കടുംകെട്ട് 

എവിടെയോ ഒരു കെട്ടുണ്ട് .
നിന്റെയുള്ളിലോ എന്റെയുള്ളിലോ 
അതോ ,
നിന്റെയും എന്റെയും 
ഉള്ളങ്ങളെ ചേർത്തുവയ്ക്കുന്ന ,
നേർത്ത ചരടിലോ ..
അല്ലെങ്കിൽ ,
നമുക്ക് ചുറ്റും വരിഞ്ഞു മുറുകിയ ഒന്നിലോ ....
ഏതോ ഒന്നിൽ ,
ഒരു കെട്ടുണ്ട് .
പണ്ടു പണ്ടേ ഒരിക്കൽ ,
അഴിച്ചു വിടേണ്ടിയിരുന്ന 
ഒരു കടുംകെട്ട് ......

പട്ടം   


പൊട്ടിയകലുന്ന നൂലാണ് ,
ഏതു പട്ടത്തിന്റേയും സ്വപ്നം .
പറന്നുയർന്ന് അപ്രത്യക്ഷമായാലും,
മുള്ളിൽ വീണു ചീന്തിയാലും ,
പൊട്ടിയ നൂലാണ് 
ഏതു പട്ടത്തിന്റെയും മോഹം .
മറ്റൊരുവന്റെ വിരൽത്തുമ്പിലെ ,
ചലനത്തിനൊപ്പം പറക്കുന്നതിനേക്കാൾ ,
സ്വതന്ത്രമായി മണ്ണിൽ വീണുലയുകയാണ് ,
പട്ടത്തിന്റെ സാഫല്യം...