2024 ഫെബ്രുവരി 25, ഞായറാഴ്‌ച

 

നീ / നമ്മൾ 


പെട്ടെന്ന് ഒരു ദിവസം ലോകം എനിക്കും , 

ഞാൻ ലോകത്തിനും അപ്രത്യക്ഷമായി പോകുന്നത് ഓർത്തുപോയി ...

നീ കരഞ്ഞു പോകുമോ ....

പ്രിയപ്പെട്ടവളെ എന്നൊരു ആർത്തനാദം ,

നിൻ്റെ  തൊണ്ടക്കുഴിയിൽ ആരുമറിയാതെ അലിഞ്ഞു പോകുമോ ....

നീ എന്നെ കേൾക്കുമായിരുന്ന ,

ഞാൻ നിന്നെ കേൾക്കുമായിരുന്ന അസംഘ്യം നിമിഷങ്ങൾ നമുക്കിടയിൽ 

ആരുമാരുമറിയാ തെ മാഞ്ഞു പോകുന്നത് നീ ഓർത്തു നോക്കിയോ ?

ഇനി നിൻ്റെ  ഉറക്കങ്ങൾക്ക് ഭംഗം വരാത്തവണ്ണം ഞാൻ ഇല്ലാതായിപ്പോയാൽ ,

നിൻ്റെ  അമൂർത്തമായ സ്വപ്നങ്ങളിൽ ഞാൻ വന്നു പോകുമോ ?

എന്നെ ഒന്ന് നെഞ്ചിൽ ചേർത്ത് പിടിച്ചില്ലല്ലോ എന്ന് ,

എൻ്റെ  ചൂട് നീ അറിഞ്ഞില്ലല്ലോ എന്ന് നിസ്സഹായപ്പെട്ട് ,

നിൻ്റെ  മുറിയുടെ ഇരുട്ടിൽ ,

നിൻ്റെ  കിടക്കയുടെ ഓരത്ത് ഞാൻ വിതുമ്പുന്നത് നിനക്ക് കേൾക്കുവാനാകുമോ ?

പ്രിയപ്പെട്ടവനെ ....

നിന്നെ ഒന്ന് കെട്ടിപ്പിടിക്കാതെ 

എനിക്ക് മരിച്ചുപോകാൻപോലും ആവില്ലല്ലോ ❤️❤️❤️