2010 മാർച്ച് 18, വ്യാഴാഴ്‌ച

പിന്‍മടക്കം

പകലിന്‍റെയാകാശമിന്നു നീ ആര്‍ദ്രനായ് -
സ്നേഹത്തിനമൃതമായ് നല്കിയെന്നാകിലും,
രാവിന്‍റെ പാതിയിലെപ്പോഴോ-
വാക്കുകള്‍ രാകിമിനുക്കി നീ,
എന്നെ മുറിയ്ക്കുവാന്‍.
മതിമറന്നെപ്പോഴും സ്നേഹിച്ചുപോയതാ-
ണെന്‍റെമേല്‍ ചാര്‍ത്തിയ കുറ്റമേന്നാകിലും,
സ്നേഹിച്ചുപോയി ഞാ-
നെന്‍റെ ഹൃദയത്തി-
ലിറ്റിടം ബാക്കിവയ്ക്കാതെന്നറിയ നീ .
ഉള്‍വലിയുന്നു ഞാന്‍ കൃഷ്ണാ,നിന്‍ ജീവിത-
പ്പാതയിലേറ്റൊരു കാരമുള്ളാവാതെ.
രാധയാകില്ല ഞാന്‍ രുഗ്മിണിയാവില്ല,
പാടിപ്പതിഞ്ഞൊരു ഗോപികയാവില്ല.
എന്നെ മറന്നു ഞാന്‍ തേടിയലഞ്ഞോരാം-
പ്രണയത്തിനക്കരെ കാത്തുനിന്നില്ല നീ .
ഭാരം ചുമക്കുവാന്‍ വയ്യെന്നു നീയെന്‍റെ-
ഹൃദയം മുറിച്ചു തകര്‍ത്തു ചൊല്ലീടവേ ,
പിന്തിരിഞ്ഞിടാമെന്നേക്കുമായി ഞാ-
നെന്‍ കഥയിലെ സ്നേഹമാറാപ്പുമായ്.
ഇല്ല,നിനക്കായി ബാക്കിവയ്ക്കില്ല ഞാന്‍ ,
പ്രണയത്തിന്‍ കാകോളമെന്നറിഞ്ഞീടുക .
ഞാനൊരുക്കിയീ തീച്ചൂളയില്‍നിന്നു-
ഫീനിക്സിനേപ്പോല്‍ പറന്നുയര്‍ന്നീടുക .
ലാഘവത്തോടെ നീ മായ്ച്ചുകളയുക,
എന്‍ നിയോഗത്തിന്‍റെ വര്‍ണചിത്രങ്ങളെ .
തിരിഞ്ഞു നടക്കാം നിനക്കിനി -
യെന്‍ ഭൂമി,വിണ്ടുകീറുന്നതു കാണാതിരിക്കുവാന്‍.
ഇനിയെന്‍റെ ജീവിതവീഥിയിലൊരുനാളും,
കാണാതിരിക്കട്ടെ സ്നേഹപ്പകിടകള്‍ .
കണക്കും കളികളുമെന്നും പിഴച്ചിടും-
എന്‍ ജന്മമിവിടെയൊടുങ്ങട്ടെ വ്യര്‍ത്ഥമായ് .

2010 മാർച്ച് 13, ശനിയാഴ്‌ച

ഇരിപ്പിടമില്ലാത്തവള്‍്

ഇവള്‍ തിരസ്കൃതയാണ്....
സ്നേഹത്തിന്‍റെ ശാട്യങ്ങളില്‍ തോറ്റുപോയവള്‍.
നാവില്‍ പിന്‍വിളികളില്ലാത്തവള്‍
പരാദജീവിയായവള്‍.
അഭിമാന ബോധമില്ലാതെ -
ഏറെ സ്വപ്‌നങ്ങള്‍ കണ്ടുകൂട്ടിയവള്‍.
വൃശ്ചിക ത്തിന്‍റെ കാറ്റു വീശുമ്പോള്‍ ,
മനുഷ്യപുത്രന്‍ അനുഗ്രഹങ്ങളുമായി ,
വന്നെത്തുമെന്നും,
വസന്തങ്ങള്‍ ജീവിതമാകുമെന്നും ,
ഇവള്‍ കിനാവ്‌ കണ്ടു.
വീരപ്പഴശ്ശിയുടെ നാട്ടില്‍ നിന്നും,
ചെമ്പന്‍കുതിരപ്പുറത്തെറീ -
അവന്‍ വരുമെന്നും സ്വപ്നം കണ്ടു.
താരാട്ട് മൂളാനായി ,ഇവള്‍-
നീലാംബരിയെ സാധകം ചെയ്തു.
ഇടിമുഴക്കം പോലെ,
നിരാസത്തിന്‍റെ ഗര്‍ജ്ജനം.
ഇവള്‍ നക്ഷത്രങ്ങളോട് യാചിച്ചു,
മരിച്ചവന് പകരമാകാമെന്ന്....
നക്ഷത്രങ്ങള്‍ കേള്‍വി കൊണ്ടില്ല.
ഒടുവില്‍ ,
ഇത്തിള്‍ ക്കണ്ണി യുടെ ഏഴാം ജന്മത്തിലേക്ക് -
ഇവള്‍ ഉള്‍വലിയുന്നു...
ഇരിപ്പിടമില്ലാത്തവള്‍്.

2010 മാർച്ച് 10, ബുധനാഴ്‌ച

ആകാശം

ആകാശം ഒരു സ്വപ്നമാണ്.
കണ്ണുകള്‍ക്ക്‌ മീതെ പടര്‍ന്നു കിടക്കുന്ന,
ഒരു സ്വപ്നം.
സത്യത്തിനും അസത്യത്തിനുമിടയില്‍ ,
പതുങ്ങി നില്‍ക്കുന്ന ഒന്ന്.
ഇളം നീലനിറമുള്ള കനവുകള്‍ ,
വിതച്ചിടുന്ന ഒരു സാങ്കല്‍പ്പികം.
വെള്ളി മേഘങ്ങളുടെ മായക്കാഴ്ചകള്‍ കാട്ടി,
കാര്‍മേഘങ്ങളുടെ അശാന്തി നിറച്ച്,
കിനാവുകളുടെ കുളിരുമഴപെയ്യിക്കുന്ന ഒന്ന്.
ആകാശം ഒരു വിശ്വാസമാണ്.
കാത്തു രക്ഷിക്കുന്ന മേല്‍ക്കൂര പോലെ.
ദൈവങ്ങളിരിക്കുന്ന സവിധം പോലെ,
രാത്രിയാകാശം കാല്പ്പനികമാണ്.
കണ്ണു ചിമ്മുന്ന മിന്നാമിനുങ്ങുകള്‍,
നക്ഷത്രങ്ങളായി ചിതറിക്കിടക്കുകയും,
ഭൂമിയിലേക്ക്‌ കിനാവുകള്‍ വാരിവിതറുകയും ചെയ്യുന്നു.
ആകാശം ഒരു താരതമ്യമാണ്‌.
സ്നേഹത്തിന്‍റെ,ദു:ഖത്തിന്‍റെ...അതിരുകളില്ലാതെ നിവര്‍ന്നുകിടക്കുന്ന-
ഒരു മിഥ്യയാണ്‌.
എന്‍റെ ജീവിതത്തിന്‍റെ പരിധിയാണ്.

മോഹം

എന്‍റെ പുസ്തകത്താളിലെവിടെയോ-
ഒരു വിങ്ങല്‍..
മാനം കണ്ടുപോയ എന്‍റെ മയില്‍‌പ്പീലിത്തുണ്ടുകള്‍ ,
സാധ്യതയില്ലാത്ത വന്ധ്യതയിലാണ്.
കിനാവുകളുടെ ലോകം വിണ്ടു കീറുന്നു.
നിലാവിന്‍റെ നിറമുള്ള സ്വപ്നങ്ങള്‍ക്ക്-
പ്രവാചകന്‍റെ വിലക്ക്.
മയില്‍‌പ്പീലികണ്ണുകളുടെ തിളക്കം,
ആരാണ് കെടുത്തിക്കളഞ്ഞത് ?
പകലിന്‍റെയാകാശം ആരാണ് കാട്ടിക്കൊടുത്തത്?
കണ്ണുകള്‍ക്ക്‌ മീതെ പടര്‍ന്നു കിടക്കുന്ന-
ആകാശത്തെ എനിക്ക് മായ്ച്ചു കളയണം.
പകലിനും രാത്രിക്കുമിടയിലെ -
തിരിവ് രേഖ തുടച്ചു മാറ്റണം
എനിക്ക് ,നിലാവോഴുകുന്ന -
രാത്രികള്‍ മാത്രം മതി.
പുതിയ മയില്‍‌പ്പീലികള്‍ ,
ഇനിയും കാത്തു വയ്ക്കണം.
അവ പെറ്റുപെരുകണം ,
ഞാനവയ്ക്ക് പോറ്റമ്മയാവണം.
എനിക്ക് പിറക്കാതെ പോകുന്ന -
മയില്‍‌പ്പീലിക്കുഞ്ഞുങ്ങളെ കാണണം.
അവയുടെ നിറമുള്ള കണ്ണുകളില്‍ ,
ഉമ്മ വയ്ക്കണം.
മാനം കാട്ടാതെ ഒളിപ്പിച്ചു വയ്ക്കണം.
നിറമുള്ള മഷികൊണ്ട് -
കവിതകളെഴുതണം .....