2021 ഒക്‌ടോബർ 5, ചൊവ്വാഴ്ച

 മാഞ്ഞു പോയ പെൺ  സ്വപ്നങ്ങളെ എണ്ണി നോക്കിയിട്ടുണ്ടോ 

അവയുടെ നേർത്ത പാടുപോലും അവളുടെ മുഖത്തോ 

മനസ്സിൽ പോലുമോ കാണാനാവില്ല .

മാഞ്ഞു പോയ പെൺ സ്വപ്നങ്ങളെന്നാൽ 

മരിച്ചു മണ്ണടിഞ്ഞ ഒരു ജന്മമെന്നാണ് അർത്ഥം 

ഓർത്തു നോക്കിയാൽ അവൾക്കു തന്നെ 

അതിൻ്റെ നൂലറ്റങ്ങൾ കണ്ടെത്താനാവില്ല 

എന്നെങ്കിലും പങ്കുവച്ച സൗഹൃദങ്ങളിൽ നിന്നാവും ,

തനിക്ക് അങ്ങനെ ഒരു കിനാവ് ഉണ്ടായിരുന്നുവെന്ന് 

അവൾ തന്നെ അറിഞ്ഞെടുക്കുക 

അപ്പോഴേക്ക് അതിൻ്റെ നിറം വറ്റി വറ്റി 

ചേലില്ലാത്തൊരു പഴന്തുണി പോലെ 

അത് അവളെ പ്പോലും മോഹിപ്പിക്കാതെ 

എവിടെയോ ചുളുങ്ങി കിടക്കുന്നത് കാണാം 

നെഞ്ച് തകരുന്നൊരു തിരിഞ്ഞു നോട്ടത്തിൽ 

അവൾ ജീവിതമെന്നു പേരിട്ട പ്രവൃത്തികളിലേക്ക് കടക്കും 

പിന്നെ എന്ത് സ്വപ്നങ്ങളെന്ന് ദീർഘനിശ്വാസം കൊള്ളും 

പ്രണയിക്കപ്പെടാത്ത പെണ്ണുങ്ങളാണ് 

ആലിപ്പഴമായി പെയ്തു തൂവിപ്പോകുന്നത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ