2020 ഡിസംബർ 30, ബുധനാഴ്‌ച

 

നിരാശ 

നിരാശപടർന്നുകയറിയ മനുഷ്യൻ്റെ കണ്ണുകളിലേക്ക് -

നിങ്ങൾ നോക്കിയിട്ടുണ്ടോ ?

ചത്തു മലച്ച മീനുകളുടേതു പോലെ ,

അത് നിശ്ചലവും അചേതനവുമാണെന്ന് കാണാം 

അത് പെണ്ണിന്റേതാണെങ്കിൽ ,

ഒരു മാൻകുട്ടി ചത്ത് കിടക്കുന്നത്ര നിർദോഷവുമായിരിക്കുമത് 

ഒരു ജന്മം നീളെ സ്‌നേഹം ദാഹിച്ചു വലഞ്ഞു പോയ -

പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ നിങ്ങൾ ?

അത് മരുഭൂമിയിലെ,

 ഇലകളൊന്നും ശേഷിക്കാത്ത ,

മരങ്ങളെ ഓർമിപ്പിക്കും .

പ്രണയം ഉണർന്നു വരുന്ന ഹൃദയമിടിപ്പ് -

കേട്ടിട്ടുണ്ടോ നിങ്ങൾ ?

അത് അരുവി ഒഴുകുന്നതിൻ്റെയോ ,

ഓടക്കുഴൽ വായിക്കുന്നതിൻ്റെയോ ശബ്ദമെന്ന് ,

നിങ്ങൾക്ക് തിരിച്ചറിയാനാവാത്ത വണ്ണം ,

ഇഴപിരിഞ്ഞ് കേൾക്കും ....

സ്നേഹിക്കുന്നവരുടെ ചുണ്ടുകളിലേക്ക് നോക്കണം ,

അത് അനങ്ങുകയും വിടരുകയും ചെയ്യുന്നത് ,

പൂവിരിയുന്നതു പോലെയാണെന്ന് കാണാം 

ജീവിതമെന്നത് എത്രമേൽ കണിശമായൊരു -

തിരഞ്ഞെടുപ്പാണെന്ന് ചിന്തിക്കുമ്പോഴാണ് ,

നഷ്ടബോധങ്ങളുടെ ഉപ്പുചാറുകൾ ,

തുള്ളിയായി ,നിങ്ങളുടെ തൊണ്ടക്കുഴിയിലേക്ക് 

കയ്പ്പ് ഇറ്റിക്കുന്നത് .....

ഇതുവരെ ജീവിച്ചില്ലല്ലോ എന്നറിയുമ്പോഴാണ് ,

ഏതു വഴിയിലൂടെ തിരിഞ്ഞ് ഓടാമെന്ന് തിടുക്കം കൂട്ടി ,

നിങ്ങൾ മരിച്ചു വീഴുന്നത്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ